യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു.
ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കും നേരെയും വെക്കും.
ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.